Monday 2 March 2009

മരുഭൂമികള്‍ ഉണ്ടാവുന്നത്.

മനുഷ്യത്വത്തിന്റെ അവസാനത്തെ ഉറവയും വറ്റിപ്പോവുകയും വരണ്ട മണലിന്റെ കിരുകിരുപ്പുമാത്രം കേള്‍പ്പിക്കുന്ന അമാനവികതയുടെ മരുഭൂമികള്‍ പിറക്കുകയും ചെയ്യുന്ന അധികാര വ്യവസ്ഥയുടെ ചരിത്ര ഭൂമികയിലാണു ആനന്ദ് തന്റെ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവല്‍ രചിക്കുന്നത്. ഈ കുറിപ്പ് ആ കൃതിയെ അവലംബമാക്കിയുള്ള ഒന്നല്ല. മനുഷ്യര്‍ക്കുള്ളിലും അവര്‍ ജീവിക്കുന്ന സമൂഹത്തിലും വരള്‍ച്ചകളുടെ പലതരം മരുഭൂമികള്‍ ഉദയം ചെയ്യുന്നതിന്‍റെ ആപത്തിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നമ്മുടെ മുഖ്യമന്ത്രി സഖാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പുതിയ പ്രസ്താവനയാണീ കുറിപ്പിനാധാരം. പിണറായി വിജയന്‍ നയിച്ച നവ കേരള യാത്രയ്ക്കിടെ കേരളമാകെ ചര്‍ച്ചചെയ്യുകയും കാറ്റഴിഞ ബലൂണ്‍ പോലെ ആന്‍റി ക്ലൈമാക്സില്‍ ഒടുങുകയും ചെയ്ത വിവാദങളുടെ തുടര്‍ച്ച എന്ന നിലയിലയിലാണീ പ്രസ്താവന പൊതുവെ കൈകാര്യം ചെയ്യപ്പെടുന്നത്. പിണറായി ശംഖുമുഖത്ത് അച്യുതാന്ദനെ ലക്ഷ്യം വച്ച് നടത്തിയ 'ബക്കറ്റില്‍ കോരിയ കടല്‍ വെള്ള' ഉപമയ്ക്കുള്ള മറുപടി എന്ന നിലയില്‍ 'വിഭാഗീയത' യുടെ അമിട്ടുപൊട്ടലായി ഈ പ്രസ്താവനയെ ലളിതവല്‍ക്കരിച്ച് ആഘോഷിക്കുകയാണു നമ്മുടെ മാധ്യമങള്‍.വളരെ ലളിതവും ഉപരിപ്ലവവുമായ വിവാദങള്‍ക്കപ്പുറത്തേയ്ക്ക് വിഷയങളെ ചര്‍ച്ചയ്ക്കെടുക്കുന്നതില്‍ പൊതുവെ തല്പരരല്ല മലയാളികള്‍. മലയാളിയുടെ ഇത്തരം പൈങ്കിളി അഭിരുചികളെ നന്നായി അറിയുന്ന മാധ്യമങള്‍ അവന്‍റെ വിശ്രമവേളകളെ ആനന്ദ ദായകമാക്കാന്‍ ന്യൂസ് അവര്‍ പാക്കേജുകള്‍ പലരൂപങളിലും ഭാവങളിലും വിളമ്പി നല്‍കാറുമുണ്ട്. ഇതിനപ്പുറത്തേയ്ക്ക്, മലയാളി സ്വത്വത്തിന്റെ കാപട്യത്തെ പൊളിച്ചുപണിയാനോ പിടിച്ചുലയ്ക്കാനെങ്കിലുമോ കഴിയുന്ന ചോദ്യങളോ ചര്‍ച്ചകളോ എവിടെനിന്നും ഉന്നയിക്കപ്പെടാറോ അഥവാ ഉന്നയിക്കപ്പെട്ടാല്‍ തന്നെ അത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടാറോ പതിവില്ല. നമുക്ക് പഥ്യം കേവല ചര്‍ച്ചകള്‍ മാത്രമാണു.ലോക ചരിത്രത്തിലെ വലിയ ദുരന്തങളിലൊന്നാണു സോവിയറ്റ് യൂണിയന്‍റെ പതനം. സോവിയറ്റാനന്തര ലോക ക്രമത്തില്‍ സാമ്രാജ്യത്വം ലോക പോലീസ് വേഷത്തില്‍ നടപ്പിലാക്കിയ തന്നിഷ്ടങള്‍ എന്തെന്തു ദുരന്തങളിലേയ്ക്കാണു വര്‍ത്തമാന ലോകത്തെ കൊണ്‍ടു ചെന്നെത്തിച്ചതെന്നു നാമെ‍ല്ലാം പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചു തന്നെ അറിയുന്നുണ്ട്.സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയെ തന്നെ വിലയ്ക്കെടുക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കു കഴിഞു എന്നതായിരുന്നു ആ പാര്‍ട്ടിയേയും മഹത്തായ ആ രാജ്യത്തെയും ദയനീയമായ അന്ത്യത്തിലേക്കു നയിച്ചതിന്‍റെ ഒരു കാരണം.സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തെ വറ്റിച്ച് മരുഭൂമിയാക്കിയ അന്നത്തെ അവിടത്തെ പാര്‍ട്ടി നേതൃത്വത്തെ ഇന്നത്തെ കേരളീയ സാഹചര്യങളില്‍ ഉദാഹരിക്കുന്ന തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായ ,അച്യുതാന്ദന്‍ യഥാര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തിനു മുന്നില്‍ വയ്ക്കാന്‍ ശ്രമിയ്ക്കുന്ന അതി ഗൗരവമേറിയ ഒരു വിഷയത്തെ അതിന്‍റെ ആ ഗൗരവത്തോടെ തന്നെ ഏറ്റെടുത്ത് ചര്‍ച്ച ചെയ്യുന്നതിനു പകരം കുറ്റിയില്‍ തളച്ച പശുവിനെ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ചക്കളത്തിപോരിന്‍റെ പരിസരങളില്‍ വട്ടം‍ കറക്കുകയാണു

നമ്മുടെ മാധ്യമങള്‍.എന്തു തന്നെ കുറവുകളുണ്ടെങ്കിലും കേരളത്തില്‍ ഒരു സിവില്‍ സൊസൈറ്റി (പൊതു സാമൂഹ്യ ഇടം) നില നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം സി.പി.എം ന്‍റെ സജീവ സാന്നിധ്യമാണു.എന്നാല്‍ കേരളത്തിലെ സി.പി.എം നകത്ത് പിടിമുറുക്കി കഴിഞിരിക്കുന്ന പ്രതിലോമ പ്രവണതകള്‍ നേതൃത്വത്തെ തന്നെ മിക്കവാറും വിഴുങിയിരിക്കുന്ന സാഹചര്യത്തില്‍ ആ പാര്‍ട്ടിക്കേല്‍ക്കുന്ന തളര്‍ച്ചയും അത് സൃഷ്ടിക്കുന്ന ശൂന്യതയും കേരളീയ സമൂഹത്തെ നന്മയുടെ നനവു വറ്റിയ മരുഭൂമിയാക്കി തീര്‍ക്കും എന്ന അച്യുതാനന്ദന്‍റെ പരോക്ഷ സൂചനയെ ഗൗരവത്തോടെ വേണം കാണാന്‍.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ദീര്‍ഘകാല പാരമ്പര്യവും സി.പി.എം ന്‍റെ പരമോന്നത സമിതി അംഗത്വവും മുഖ്യമന്ത്രി പദവിയുമെല്ലാം നല്‍കിയ ദീര്‍ഘകാലാനുഭവങളുടെ പശ്ചാത്തലത്തില്‍, കേരളത്തിലെ സി.പി.എം, ഗൊര്‍ബച്ചേവുമാരുടെ പിടിയിലാണെന്ന വി എസി ന്‍റെ പ്രസ്താവനയെ നിസ്സാരവല്‍ക്കരിക്കാനാവില്ല.അത് കേവലം പോരോ പോര്‍ വിളിയോ അല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ആശങ്കയും ജാഗ്രതയുമാണു.ആയിരക്കണക്കിനു സാധാരണ മനുഷ്യരുടെ പ്രതീക്ഷയുടെ പേരുകൂടിയാണു സി.പി.എം എന്നത്.അത് അതിന്‍റെ വിപരീത താല്പര്യങളുടെ കൈകളില്‍ അകപ്പെടാതെ നോക്കേണ്ടത് ആ മനുഷ്യരോട് കടപ്പെട്ടിരിക്കുന്ന ഏതൊരു സി.പി.എം.പ്രവര്‍ത്തകന്‍റെയും ഉത്തരവാദിത്തമാണു.പൂര്‍വ്വ കാലത്തും വര്‍ത്തമാനത്തിലും അച്യുതാനന്ദന്‍ നടത്തിയ പല ഇടപെടലുകളും തന്‍റെ വൈക്തിക ഒളി അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നെന്ന ആരോപണങളെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല എങ്കിലും, അതിന്‍റെ മറവില്‍, അദ്ദേഹം ഉന്നയിക്കുന്ന കാമ്പുള്ള വിമര്‍ശനങളെയും പൊതു സമൂഹവുമായി പങ്കു വയ്ക്കുന്ന ഉല്‍ക്കണ്ഠകളെയും കണ്‍ടില്ലെന്നു നടിക്കാനുമാവില്ല.മത ജാതി മേധാവിത്വ ഹുങ്കിനു കീഴില്‍ തീര്‍ത്തും അസ്വതന്ത്രരായി മുട്ടിലിഴയേണ്ടിവരുന്ന ഒരിരുണ്ട ഭാവിയിലേക്കാവും സി.പി.എംന്‍റെ സമ്പൂര്‍ണ്ണ തകര്‍ച്ച കേരളത്തെ കൊണ്ടു ചെന്നെത്തിക്കുക.സ്വതന്ത്രവും മതനിരപേക്ഷവും ജനാധിപത്യപരവുമായൊരു സിവില്‍ സൊസൈറ്റിയെ സ്വപ്നം കാണുന്ന പുരോഗാമികളായ മുഴുവന്‍പേരുടെയും പൊതുവായ കടമയായി തീര്‍ന്നിരിക്കുന്നു സി.പി.എമ്മിനെ ഗൊര്‍ബച്ചേവുമാരില്‍ നിന്നും മോചിപ്പിക്കുക എന്നത്. അതിനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നാണു തന്‍റെ പ്രസ്താവന വഴി വി.എസ്.അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്.

No comments: