Tuesday 14 April 2009

ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ മറവില്‍.

മത സാമുദായികതയെ ഇത്രമേല്‍ പ്രീണിപ്പിച്ച മറ്റൊരു തിരഞെറ്റുപ്പ് കേരള ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.പരസ്പരം മല്‍സരിച്ചാണു ഇടതു വലതു മുന്നണികള്‍ ഈ തിരഞെടുപ്പില്‍ വര്‍ഗ്ഗീയ സാമുദായിക ശക്തികളെ, പ്രത്യേകിച്ച് മുസ്ലിം വര്‍ഗ്ഗീയ സംഘടനകളെ പങ്കുവച്ചെടുത്തത്.വര്‍ഗ്ഗീയ വിരുദ്ധതയുടെയും മതേതര മാനവികതയുടെയും വാചകമടികള്‍ ഒരു വശത്ത് അരങു തകര്‍ക്കുമ്പോള്‍‍ തന്നെയാണിതു സംഭവിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വങളുടെ കാപട്യത്തെ ഒരിക്കല്‍ കൂടി വെളിവാക്കുകയാണു.ന്യൂനപക്ഷ രാഷ്ട്രീയവും അതിന്‍റെ സംരക്ഷണവും ഏറ്റെടുക്കുന്നതില്‍ തങളാണു മുന്നിലെന്നു കാണിക്കാന്‍ ഓരോ മുന്നണിയും വെമ്പല്‍ കൂട്ടുകയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരില്‍ സംഘടിച്ച് സമൂഹത്തെ മതപരമായി വിഭജിക്കാനും സാമൂഹ്യ സാംസാകാരിക പുരോഗതിയെ പിറകോട്ടു നടത്താനും ശ്രമിക്കുന്ന ശക്തികളുമായി പോലും ചങാത്തം കൂടുകയും ചെയ്തിരിക്കുന്നു. ഇത്തരം നടപടികള്‍ വഴി ആത്യന്തികമായി സാമൂഹ്യ പുരോഗതിയ്ക്കേല്ക്കുന്ന അപരിഹാര്യമായ പരുക്കുകള്‍ ഇവരെയൊന്നും വ്യാകുലപ്പെടുത്തുന്നില്ലെന്നത് അല്ഭുതാവഹമാണു.പി.ഡി.പി,ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് (എന്‍.ഡി.എഫ്.) എന്നീ സംഘടനകള്‍ തിരഞെടുപ്പു രാഷ്ട്രീയത്തില്‍ ഓരോരോ മുന്നണികള്‍ക്കൊപ്പം നിന്ന് പരോക്ഷവും പ്രത്യക്ഷവുമായി തിരഞെടുപ്പില്‍ ഇടപെടുമ്പോള്‍ ഇന്നലെ വരെ അവരെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങളൊന്നാകെ അതുപോലെ വിഴുങുകയും മത നിരപേക്ഷ കേരളം പുലര്‍‍ത്തിവന്ന അവസാന പ്രതീക്ഷകള്‍ പോലും കെടുത്തിക്കളയും വിധത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മത സാമുദായിക ശക്തികള്‍ക്കു കീഴടങുകയും ചെയ്യുന്ന ദുരന്തക്കാഴ്ചകള്‍ക്കു കേരളം സാക്ഷിയാവുകയാണു.മത നിരപേക്ഷ മുദ്രാവാക്യങളൊ, ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ ജനതയെ പൊതുവില്‍ ബാധിക്കുന്ന ജീവല്‍ പ്രശ്നങളോ അല്ല, കേരളത്തില്‍ ഇക്കുറി തിരഞെടുപ്പിലെ ചര്‍‍ച്ചാ വിഷയം. മദ്ധ്യേഷാ രാഷ്ട്രീയം മുതല്‍ മത ആചാര അനുഷ്ഠാന വിഷയങളും മറ്റുമാണു ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതൊന്നും ഇന്ത്യയിലെയോ കേരളത്തിലെയോ സാധാരണക്കാരന്‍റെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെടുന്ന വിഷയങളല്ല.മറിച്ച് സാമുദായിക വൈകാരികതയെ കത്തിച്ചു നിര്‍ത്തി തങളുടെ രഹസ്യ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന സുതാര്യ സ്വഭാവമില്ലാത്ത ചില സംഘടനകളുടെ പതിവു വിഷയങളാണു. അത്തരം വിഷയങള്‍ ഒരു പൊതു തിരഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയങളാക്കി മാറ്റിയതില്‍ ഇടതു വലതു മുന്നണികളിടെ ഇത്തരം സംഘടനകളോടുള്ള പ്രീണനന നയമാണു കാരണമായത്.മതേതര ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്‍റിലേയ്ക്ക് മല്‍സരിക്കുന്ന ഒരു മതേതര പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്കു ശരിയായി നിസ്കരിക്കാനറിയില്ലെന്നത് ഒരയോഗ്യതയായി അബ്ദുള്‍നാസര്‍ മദനി ഉന്നയിക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ നടത്തുന്ന യാത്രയിലാണെന്നത് നിസ്സാരമായി കാണാന്‍ കഴിയുമോ? പിണറായി വിജയനോ സി.പി.എമ്മോ മതേതരത്വത്തിന്‍റെ ഏതളവിലുള്ള കുപ്പായമിടീച്ചാലും മദനിയ്ക്കു മദനിയോളമല്ലാതെ വളരാനാവില്ലെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണീ പ്രസ്താവന.മതേതര ബോധമുള്ള ജനങളെയൊന്നാകെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ മതേതര ആശയത്തെ തന്നെയും പരിഹസിക്കും വിധം ആചാരപരമായി പ്രാര്‍ത്ഥിയ്ക്കാനറിയുക എന്നത് ഇന്ത്യന്‍ പാര്‍ലമെന്‍റിലെത്താനുള്ള യോഗ്യതയാണെന്നു, അല്ലെങ്കില്‍, ആചാരപരമായ പ്രാര്‍ത്ഥനയറിയാത്ത ഒരാള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലേയ്ക്കു തിരഞെടുക്കപ്പെടാന്‍ യോഗ്യയോ യോഗ്യനോ അല്ലെന്നു അബ്ദുള്‍ നാസര്‍ മദനി ഇടതു പ്രചാരണ വേദിയില്‍ നിന്നു കൊണ്ടു പറയുമ്പോള്‍ അതു കേരളീയ നവോത്ഥാനവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ത്ഥാനവും നമ്മുടെ സമൂഹത്തിനു സംഭാവന ചെയ്ത മതനിരപേക്ഷ യുക്തി ചിന്തയ്ക്കുനേരെയുള്ള പരിഹാസം ചൊരിയലാണു. തികച്ചും അനാരോഗ്യകരവും ഒരു പുരോഗമന സമൂഹത്തിനു ഒരിയ്ക്കലും സ്വീകരിക്കാന്‍ പറ്റാത്തതുമായ പലതും‍ എതിര്‍പ്പുകളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ടീ തിരഞെടുപ്പില്‍.മത യാഥാസ്ഥിതിക ശക്തികള്‍ അവരവരുടെ വഴികളില്‍ പണ്ടുമുതലേ പ്രചരിപ്പിച്ചു വരുന്ന കാര്യങള്‍ തന്നെയാണു പലതുമെങ്കിലും അന്നതൊക്കെ മതേതര രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനു വിധേയമായിട്ടുണ്ട്.മതേതര മാനവിക ആശയങള്‍കൊണ്ട് ഇത്തരം പ്രചാരണങളെ പ്രതിരോധിക്കാന്‍ ഇടതു കക്ഷികളെങ്കിലും അന്നൊക്കെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. എന്നാല്‍ വോട്ടു ബേങ്ക് രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യമായ ഉത്തരവാദിത്തങള്‍ നിര്‍ലജ്ജം മറന്നുകളഞ നമ്മുടെ മതേതര രാഷ്ട്രീയ കക്ഷികള്‍ ഇന്നിത്തരം പിന്തിരിപ്പത്തരങള്‍ക്കു കുടപിടിക്കാന്‍ മല്‍സരിക്കുകയാണു. തസ്ലീമാ നസ്രീനും ഈ തിരഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. അവര്‍ ചര്‍ച്ചാവിഷയമായി വരുന്നത് എറണാകുളത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണു. ആഗോള ഇസ്ലാമിസ്റ്റുകളാല്‍ വേട്ടയാടപ്പെട്ട ഒരു ഇരയോടുള്ള ഐക്യദാര്‍ഡ്ഡ്യമെന്ന നിലയിലോ, അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ പുലര്‍ത്തുന്ന അമാനവിക ആശയങള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ രാഷ്ട്രീയം തിരഞെടുപ്പു വേദികളില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതുകൊണ്ടോ അല്ല ഈ ചര്‍ച്ച ഇപ്പോള്‍ മാധ്യമങളിലും തിരഞെടുപ്പു വേദികളിലും നടന്നു വരുന്നത്. പകരം, തസ്ലീമയെ വേട്ടയാടിക്കൊണ്ടി്രിക്കുന്ന ശക്തികളുടെ നിലപാടുകളെ പക്ഷം പിടിച്ചുകൊണ്ടും അവരുടെ വീക്ഷണകോണിലൂടെയുമാണു. ത്സ്ലീമയോടൊപ്പം സൗഹൃദം പങ്കുവയ്ക്കുന്നവരും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചവരും അവര്‍ക്കു സ്വീകരണം നല്‍കിയവരുമൊക്കെ പാപികളും കുറ്റവാളികളുമാണു എന്ന വിധത്തിലാണു ചര്‍ച്ചയുടെ പോക്ക്. ഇത്തരം ചര്‍ച്ചകകളെല്ലാം അങു വകവച്ചു കൊടുത്ത മട്ടിലാണു നമ്മുടെ പ്രഖ്യാപിത മതേതരരെല്ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം.തസ്ലീമ നസ്റീനും എം.എഫ്.ഹുസൈനും വ്യത്യസ്ത നിറമുള്ള ഒരേ തരം ഭീകരതയുടെ ഇരകളാണെന്നും അവരെ പിന്തുണയ്ക്കുകയും അവര്‍ക്കു സം രക്ഷണം നല്കുകയും ചെയ്യുക എന്നത് മത നിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രാഥമികമായ കടമയാണെന്നും ഉറക്കെ പറയാന്‍ ഒരു പാര്‍ട്ടിയിലും ആളില്ലാത്താ സ്ഥിതി വന്നിരിക്കുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന്‍റെ മറവില്‍ സംഘടിത മത തീവ്ര യാഥാസ്ഥിതിക ശക്തികള്‍ കേരളീയ പൊതു മണ്ടലം കയ്യടക്കുകയും അധികാര കൊതിമൂത്ത രാഷ്ട്രീയ കക്ഷികള്‍ ഇത്തരം ശക്തികളെ പ്രീണിപ്പിച്ചു നേടാവുന്ന വോട്ടുകളില്‍ കണ്ണു നട്ട് ഇവരുടെ പിന്തിരിപ്പന്‍ തോന്ന്യാസങള്‍ക്കു കുടപിടിക്കുകയും ചെയ്യുക വഴി തിരഞെടുപ്പാനന്തര കേരളം നടന്നടുക്കുന്നത് തികഞ അന്ധകാരത്തിലേക്കാണു.

5 comments:

അല്‍ഭുത കുട്ടി said...

സുഹ്യത്തെ
പി.ഡി.പി, ജമാത്തെ ഇസ്ലാമി, എന്‍ ഡി എഫ് തുടങ്ങിയ സംഘടനകള്‍ എല്ലാം ഒരു കാലത്ത് ജനാധിപത്യ വ്യ്‌വസ്ഥിതിയില്‍ വിശ്വാസമില്ലാത്തവരോ അല്ലെങ്കില്‍ അതില്‍ ഭാഗവാക്കാകുകയോ ചെയ്യാത്ത ഗ്രൂപ്പുകളോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ജനാധിപത്യ വ്യവസ്ഥിതിയിലോ അല്ലെങ്കില്‍ പ്രക്രിയയിലോ ഭാഗബാക്കാകുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ജനാധിപത്യ പ്രവര്‍ത്തനങ്ങളിലുള്‍ല സുതാര്യത ഇവരിലെ മലീമസമായ പ്രവര്‍ത്തനങ്ങളേ തടായുകയും അവര്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുകയും ചെയ്യും. ഇതില്‍ എന്താണ് തെറ്റ്. സാമുദായിക രാഷ്ട്രീയം ഇന്ത്യയില്‍ പുതിയ സംഭവമല്ല. ജന സംഘം ഇന്ത്യ രൂപം കൊണ്ട കാലം മുതലുണ്ട്, എസെന്‍ഡിപ്പിയും, എന്‍ എസ് എസും, മറ്റ് ക്യസ്ത്യന്‍ സമുദായങ്ങള്‍ക്കും കാലാ കാലമായി രാഷ്ട്രീയ നിലപാടുകളും സംഘടനകളും ഉണ്ട്. സംഘപരിവാര്‍ സംഘടനകള്‍ തെരെഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ട്. പിന്നെ മുസ്ലിം സംഘടനകള്‍ക്ക് മാത്രം എന്തിനീ ഐത്തം എന്നാണ് ഞാന്‍ ചോദിക്കുന്നത്. ജനാധിപത്യു വ്യബസ്ഥിതിയിലെ പ്രവര്‍ത്തനം ഏറെ സുതാര്യമാണ്. മാധ്യമങ്ങളുടെ ജാഗ്രത അവരെ ഏറെ സൂക്ഷമത പാലിക്കാന്‍ പര്യാപ്തരാക്കുന്നു. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ ഇത്തരം ഗ്രൂപ്പുകളെ ജനാധിപത്യു വ്യവസ്ഥിതിയില്‍ പങ്കാളികളാക്കാനാണ് ശ്രമിക്കേണ്ടത്. കള്ളനെ എന്നും കള്ളാനാക്കാനല്ല ശ്രമിക്കേണ്ടത്. അവനെ നല്ലവനാക്കാനാണ് നോക്കേണ്ടത്. എല്ലാ കാര്യത്തിലും നമ്മള്‍ വെച്ച് പുലര്‍ത്തുന്ന ഇത്തരം മനോഭാവം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ. പക്വമായ നടപടികളില്‍ കൂടെ എല്ലാവരെയും ഈ ജനാധിപത്യ വ്യവസ്ഥിതില്‍ അണിനിരത്താന്‍ ഇഥിലൂടെ കഴിയും.

എന്നാല്‍ താങ്കളൊട് ഒരു യോജിപ്പ് ഞാന്‍ പ്രകടിപ്പിക്കട്ടെ. മറ്റ് വികസന സാന്മൂഹ്യ ദാരിദ്ര പ്രശ്നങ്ങള്‍ എന്നിവ വിട്ട് വെറും മതപരമായ ചര്‍ച്ചകളിലൂടെ മാത്രം തെരെഞ്ഞേടുപ്പിനെ നേരിടുന്ന പാര്‍ട്ടികളുടെ രീതി നമ്മള്‍ എതിര്‍ക്കേണ്ടതുണ്ട്. എല്ലാം വേണം പക്ഷെ ഒന്നും മറ്റൊന്നിനെ ഹൈജാക്ക് പാടില്ല എന്നാണ് എന്റെ പക്ഷം.

ഫൈസൽ said...

പിഡിപിയോ മറ്റു മത-സാമുദായിക സംഘങ്ങളോ ഏതെങ്കിലും തരത്തില്‍ നമ്മുടെ മതേതര രാഷ്ട്രീയത്തെ പുഷ്ടിപ്പെടുത്തും എന്ന വ്യാമോഹമൊന്നും എനിയ്ക്കില്ല. മാത്രമല്ല കോണ്‍ഗ്രസിന്റെ സൌഭഗ കാലത്തേ ഉള്ള ഏര്‍പ്പാടാണ് മതത്തിലെ തീവ്ര വിഭാഗത്തെ അതിന്റെ മൊത്തവിപണിക്കാരായി കൊണ്ടാടുക എന്നുള്ളത്. മതത്തില്‍ നിന്ന് വിമോചനദൈവശാസ്ത്ര സങ്കല്‍പ്പങ്ങളെ വിവിധ തരത്തില്‍ മുന്നോട്ടു വെച്ച ചിന്തകരെ കണ്ടില്ലെന്നു നടീച്ചു. മുസ്ലീങ്ങള്‍ക്കകത്ത് ഏറ്റവും ഭ്രാന്തമായ യാഥാസ്ഥിതികത്വം വെച്ചു പുലര്‍ത്തുന്ന എ.പി. കാന്തപുരം അബൂബക്കറിന്റെ വിശ്വസ്ത അനുയായി ആയ ഹുസൈന്‍ രണ്ടത്താണിയെ ഇടതു സ്വതന്ത്രനായി കണ്ടെടുത്തതോടെ ഇടതുപക്ഷവും അതിന്റെ കൂറ് തെളിയിച്ചിരിക്കുന്നു. ഭാര്യയുടെ ആര്‍ത്തവകാലത്ത് പുരുഷന്റെ ലൈംഗികാസക്തിയെ ശമിപ്പിക്കാന്‍ ഒന്നിലേറെ വിവാഹമാകാം എന്നു വിധിച്ച നിക്ര്ഷ്ട ജീവിയാണ് മാടമ്പിയായ കാന്തപുരം. അയാളുടെ സില്‍ബന്തിയെ തന്നെ പുരോഗമന രാഷ്ട്രീയത്തിന്റെ അത്താണിയായി തെരഞ്ഞെടുത്തു എന്നതില്‍ ഒരു ശരാശരി ഇടതുപക്ഷ വിശ്വാസി ലജ്ജിക്കണം. മാത്രമല്ല, തികഞ്ഞ ഒരു രാഷ്ട്രീയ അല്പബുദ്ധിയാണ് ഹുസൈന്‍. വെറും യാഥാസ്ഥിതിക മതപ്രബോധന ക്ളാസുകള്‍ മാത്രം നടത്തി പരിചയമുള്ള ഇദ്ദേഹത്തെ ഏതര്‍ത്തിലാണ് ഒരു പുരോഗമനപ്രസ്ഥാനത്തിന്റെ അനുഗാമിയായി കണക്കാനാകുക? അല്ലെങ്കില്‍ പിന്തിരിപ്പന്‍ മതപ്രബോധകരെ മുഴുവന്‍ ഒന്നു പുരോഗമിപ്പിച്ചു കളയാം എന്ന ശപഥമെങ്ങാനും പിണറായിയും ഐസക്കും ബേബിയും എടുത്തുകാണണം!
പിന്നെ ഏതിനേയും ന്യായീകരിക്കാന്‍ ഇടതുപക്ഷം പറയുന്ന യുക്തി കേള്‍ക്കുമ്പോള്‍ അമ്പരന്നു പോകും. നേതാക്കള്‍ വലതു പക്ഷ രാഷ്ട്രീയക്കാരോടു ചോദിക്കുന്നു: നിങ്ങള്‍ ഇത് പണ്ട് ചെയ്തതല്ലെ. ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കുന്നില്ല അല്ലെ? എന്തൊരു രാഷ്ട്രീയം? കോണ്‍ഗ്രസ് പണ്ട് ചെയ്തത് ചെയ്യാനാണെങ്കില്‍ പിന്നെയെന്തിന് മറ്റൊരു സംഘടന? ഇടതുരഷ്ട്രീയം നിലനില്‍ക്കേണ്ടത് ചില ബദലുകളുമായാണ്. അങ്ങനെയുള്ള ബദല്‍ രൂപപ്പെടുത്തുന്നതിനു പകരം തികഞ്ഞ വ്യവസ്ഥാപിത മാര്‍ഗം തെരഞ്ഞെടുക്കുകയാണ്‍് ഇടതുപക്ഷം ചെയ്യുന്നത്. നമ്മള്‍ കൂടുതല്‍ ഇടത്തോട്ടു സ്ഞ്ചരിക്കുമ്പോള്‍ ഇടതുപക്ഷം കൂടുതല്‍ വലത്തോട്ടൂ സഞ്ചരിക്കുന്നു.
ദേശീയസമരകാലത്തിലെ കോണ്‍ഗ്രസ് മരിച്ചു. സ്വാതന്ത്ര്യാനന്തര സത്വരകാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രതീക്ഷ്യും ഇതാ കൊഴിഞ്ഞു വീഴുന്നു. ഇനി നൈതികതയെ ജീവിതചര്യയായി കാണുന്നവന് എവിടെയാണ് പ്രതീക്ഷ?
എം. ഫൈസല്‍

ഫൈസൽ said...

please add to link
amalakhil.blogspot.com

faizal

അബൂസ് said...

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയാണെന്നു താങ്കള്‍
വിശ്വസിക്കുന്നുണ്ടോ? ഉന്ടെങ്കില്‍ അത് ഏതു അടിസ്ഥാനത്തിലാണ്? ഇന്ത്യയില്‍ ഇത് വരെ നടന്നിട്ടുള്ള ഏതെങ്കിലും ഒരു വര്‍ഗീയ കലാപത്തില്‍ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തരത്തില്‍ പങ്കെടുത്തില്ല എന്നാണു ആ പാര്‍ട്ടിയെ കുറിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് മനസ്സിലായത്‌.മാത്രമല്ല, വര്‍ഗീയ കലാപങ്ങളിലെ ഇരകളെ ജാതിമത ഭേദമെന്യേ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജമാഅത്ത് ഭാഗഭാക്കായി എന്ന് ആ പാര്‍ട്ടിയെ കുറിച്ച് നിഷ്പക്ഷമായി പഠിയ്ക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന് ഗുജറാത്ത്‌ കലാപത്തിലും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും അവസാനമായി കശുമാവിന്‍ തോട്ടത്തിന്റെ പേരില്‍ വിഷ മഴ പെയ്യിച്ച് ദുരിതം വിതറിയ കാസര്‍ഗോഡ്‌ എന്ടോസല്ഫാന്‍ മേഖലയിലുമെല്ലാം ജമാ അതും അതിന്റെ യുവജന വിഭാഗമായ സോളിടാരിട്ടിയുമെല്ലാം അര്‍പ്പിക്കുന്ന സേവനം ജാതിമത ഭേതമെന്യേ ഏവര്‍ക്കും ഉപകാരപ്പെട്ടു എന്ന് മനസ്സിലാക്കാവുന്നതാണ്.

CKLatheef said...

അബൂസ് താങ്കള്‍ ക്ഷമിക്കുക. ജമാഅത്തെ ഇസ്ലാമിയെ കൂട്ടത്തിലങ്ങ് പറഞ്ഞുപോകുന്നതാണ് അല്ലാതെ അതിനെ പഠിച്ചിട്ടോ വിലയിരുത്തിയിട്ടോ ബോധപൂര്‍വം പോലുമോ അല്ല. ഇതു പോലുള്ള ചില പോസ്റില്‍ നിന്ന് ലഭിക്കുന്നതാണ് പലര്‍ക്കും ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആകെ വിവരം. പിന്നെ തങ്ങളെക്കുറിച്ചല്ലാത്തതിനാല്‍ അധികം ചിന്തിക്കാനും പോകേണ്ടതില്ല.