Saturday 27 September 2008

പുരോഗമന കേരളം എന്ന പച്ചക്കള്ളം.

കേരളം ഒരു പുരോഗമന സമൂഹമാണു എന്നത് നാം നിരന്തരം പ്രകടിപ്പിക്കുന്ന ഒരാത്മ പ്രശംസയ്ക്കപ്പുറം ഒന്നുമല്ലെന്നു അധികമൊന്നും മസിലു പിടിക്കാതെ സാമാന്യബോധമുള്ള ആരുമിന്നു സമ്മതിച്ചു തരുമെന്നു തോന്നുന്നു.പുറം മോടിയില്‍ പ്രകടന പരത ഏറുകയും അകമേ ചീഞളിഞു ദുര്‍ഗന്ധം വമിപ്പിയ്ക്കുന്ന ജീര്‍ണ്ണതകള്‍ യാതൊരു പ്രയാസവുമില്ലതെ കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു തരം കുപ്പത്തൊട്ടിയാണു കേരള സമൂഹം! ഒരു വ്യക്തിയായാലും സമൂഹമായാലും പുരോഗമനാത്മകം എന്ന വിശേഷണത്തിനു അതര്‍ഹമാകുന്നത്, യാഥാസ്ത്ഥിതികമായ എല്ലാ മൂല്യങളോടും നടപ്പ് ശീലങളോടും അത് കലഹിക്കുകയും അതില്‍ നിന്നുള്ള വിഛേദനം സ്വയം സാദ്ധ്യമാക്കുകയും ചെയ്യുമ്പോഴാണു.സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങളും നവോത്ഥാന പ്രസ്ഥാനങളും അതത് കാലങളില്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മൂല്യങളെ തകര്‍ത്തു കൊണ്ടാണു പുരോഗമനാത്മകമായ ഒരു സാമൂഹ്യാവസ്ഥയിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടു പോകാന്‍ ശ്രമിച്ചത്.ആ ശ്രമങളില്‍ പങ്കാളികളായവരും അതിന്റെ മുന്നണിയില്‍ നിന്നവരും അവര്‍ ജീവിച്ച കാലങളില് തികഞ ധിക്കാരികളായി ജീവിച്ചു കൊണ്ട് അക്കാലങളുടെ ജീര്‍ണ്ണത പേറുന്ന ബിംബങളെ സ്വജീവിതത്തില്‍ നിന്നും ഉഛാടനം ചെയ്യുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു.(പൂണൂല്‍ പൊട്ടിച്ചെറിയല്‍,വിധവാ വിവാഹം,മാറു മറയ്ക്കല്‍,തല്ലു കൊണ്ടു ക്ഷേത്രത്തില്‍ ,പ്രവേശിക്കല്‍,സ്വന്തം പെണ്മക്കളെ വിദ്യാഭ്യാസം ചെയ്യിക്കല്‍, വസ്ത്ര ധാരണ രീതി മാറ്റല്‍.......) എല്ലാ വിധ ഒറ്റപ്പെടുത്തലുകളും കല്ലേറുകളും ആക്ഷേപങളും അവഗണനകളും ഏറ്റു വാങുകയും അതിന്റെ മുറിവുകളില്‍ നീറിപ്പിടയുമ്പോഴും കൂടുതല്‍ സാമൂഹ്യ സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും അനുഭവിയ്ക്കാന്‍ കഴിയുന്ന വരുംതലമുറയെക്കുറിച്ചോര്‍ത്ത് നിര്‍വൃതി അടയുകയും ചെയ്തു.ഇങിനെ പീഡന പര്‍വ്വങള്‍ താണ്ടിക്കടന്നവര്‍ പാകപ്പെടുത്തി എടുത്ത സാമൂഹ്യ സാംസ്കാരിക പുരോഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയും ഫ്യൂഡല്‍ സദാചാര ധാര്‍മ്മിക മൂല്യങളുടെ പുന:രുല്പാദകരായിത്തീരുകയും ചെയ്ത അമ്പതുകള്‍ മുതലിങോട്ടുള്ള കേരളീയ സമൂഹം ഇപ്പോഴും നാം ഒരു പുരോഗമന സമൂഹമാണെന്നവകാശപ്പെടുന്നതിനു പിന്നിലെ നാണമില്ലായ്മയെ 'പച്ചയ്ക്കു' വിളിക്കാതെ തരമില്ല.ജാതി, മതം, സ്ത്രീസ്വാതന്ത്ര്യം, പ്രണയം, ലൈംഗികത, ആചാര അനുഷ്ഠാനങള്‍ ,ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങള്‍, വിവാഹം‍ തുടങി ഏതിലെങ്കിലും മാനവിക ബോധത്തിന്റെ ഉദാത്ത തലങളെ മാനിക്കും വിധത്തിലുള്ള നിലപാടുകള്‍ പുലര്‍ത്തുന്ന ഏതെങ്കിലും 'പുരോഗമന' പ്രസ്ഥാനമോ കുറച്ചെങ്കിലും വ്യക്തികളോ ജീവിച്ചിരിക്കുന്നതായി കാണാന്‍ വല്ല ചരിത്ര പുസ്തകവും മറിച്ചു നോക്കേണ്ട സ്ഥിതിവിശേഷമാണിന്നു നിലനില്‍ക്കുന്നത്.ചില പ്രസ്ഥാനങള്‍ (വെറും കക്ഷികളെ പ്രസ്ഥാനങള്‍ എന്നു വിളിക്കേണ്ടി വരുന്നതും പഴഞ്ചനും പിന്തിരിപ്പനുമായൊരു സമൂഹത്തെ പുരോഗമന സമൂഹം എന്നു വിളിയ്ക്കുമ്പോലെ അസംബന്ധമാണു) സ്വയം പുരോഗമനം എന്നവകാശപ്പെടുന്നുണ്ട്.അത്തരം കക്ഷികളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന നേതാക്കള്‍ പോലും പുരോഗമനാത്മകമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെ, അഥവാ നില നില്‍ക്കുന്ന സദാചാര സങ്കല്പ്പങള്‍ക്കു എളുപ്പം ദഹിക്കാത്തതും അതിന്റെ അധീശത്വത്തെ വെല്ലുവിളിക്കുന്നതുമായ (ഉദാഹരണത്തിനു, മതേതര വിവാഹങള്‍, പ്രണയ വിവാഹങള്‍, വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുക തുടങിയ) സാഹസത്തിനു മുതിരുന്നവരെ, മുഖ്യധാരാ സദാചാരവാദികളുടെകൂടെ ചേര്‍ന്ന് ക്രൂശിക്കുന്നത് പതിവു കാഴ്ചയാണു.നിലനില്‍ക്കുന്ന അവസ്ഥയെ അതേ പടി നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്നവരെയാണു നാം യഥാസ്ഥിതികര്‍ എന്നു വിളിക്കുന്നത്.(യഥാ സ്ഥിതി തഥാ:)പ്രണയം വിപ്ലവകരമാണു എന്നു പറയുന്നത് അതില്‍ ഉള്ളടങിയിട്ടുള്ള നില നില്‍ക്കുന്ന മൂല്യങളെ വെല്ലുവിളിക്കാനുള്ള അതിന്റെ പ്രവണതകൊണ്ടു കൂടിയാണു.(പ്രേമിക്കല്‍ സമരമെന്ന് ഒക്ടോവിയോ പാസ്സ്.) സമൂഹവും കുടുംബവും അതിന്റെ പിന്തിരിപ്പന്‍ താല്പ്പര്യങളെ നിലനിര്‍ത്തി കൊണ്ടു പോകാനായി വ്യക്തിക്കുമേലെ അടിച്ചേല്പ്പിക്കുന്ന അദൃശ്യാധികാരത്തിന്റെ ദണ്ഡനീതികളോട് ഏറ്റുമുട്ടുന്ന ഒറ്റയാന്മാര്‍ക്ക് സംഘടിതമായി ലഭിച്ചിരുന്ന പിന്തുണ ഇന്നു പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട പിന്തുണപോലും ഇന്നപൂര്‍വ്വമായിരിക്കുന്നു.എന്നു മാത്രമല്ല, എല്ലാവിധ പിന്‍ നടത്തവും അഭിമാനപൂര്‍വ്വം എടുത്തണിയുന്ന ഒരു പിന്തിരിപ്പന്‍ സമൂഹത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ രൂപത്തെയാണു പുരോഗമനമെന്ന വ്യാജ ബ്രാന്‍ഡില്‍ നാം ഇപ്പോഴും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നത്.ദൈവത്തെപ്പോലും വ്യാജനും ഒറിജിനലുമായി കമ്പോളത്തില്‍ വാങാനും വില്‍ക്കാനും കഴിയുന്ന ഇക്കാലത്ത്, വ്യാജങളുടെ പൊയ്ക്കാലില്‍ മുടന്തി നീങുമ്പോഴും പുരോഗമന വാചകമടിയുടെ കോണകവാല്‍ പുരപ്പുറത്തു തന്നെ കിടക്കുന്നത് നാം കേരളീയര്‍ക്ക് ഒരഭിമാനം തന്നെയാണേ!.

1 comment:

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല കാഴ്ച്ചപ്പാട്.സത്യം സത്യമായി പറഞ്ഞിരിക്കുന്നു.അഭിവാദ്യങ്ങള്‍ !