Tuesday, 14 April 2009

ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ മറവില്‍.

മത സാമുദായികതയെ ഇത്രമേല്‍ പ്രീണിപ്പിച്ച മറ്റൊരു തിരഞെറ്റുപ്പ് കേരള ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.പരസ്പരം മല്‍സരിച്ചാണു ഇടതു വലതു മുന്നണികള്‍ ഈ തിരഞെടുപ്പില്‍ വര്‍ഗ്ഗീയ സാമുദായിക ശക്തികളെ, പ്രത്യേകിച്ച് മുസ്ലിം വര്‍ഗ്ഗീയ സംഘടനകളെ പങ്കുവച്ചെടുത്തത്.വര്‍ഗ്ഗീയ വിരുദ്ധതയുടെയും മതേതര മാനവികതയുടെയും വാചകമടികള്‍ ഒരു വശത്ത് അരങു തകര്‍ക്കുമ്പോള്‍‍ തന്നെയാണിതു സംഭവിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വങളുടെ കാപട്യത്തെ ഒരിക്കല്‍ കൂടി വെളിവാക്കുകയാണു.ന്യൂനപക്ഷ രാഷ്ട്രീയവും അതിന്‍റെ സംരക്ഷണവും ഏറ്റെടുക്കുന്നതില്‍ തങളാണു മുന്നിലെന്നു കാണിക്കാന്‍ ഓരോ മുന്നണിയും വെമ്പല്‍ കൂട്ടുകയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരില്‍ സംഘടിച്ച് സമൂഹത്തെ മതപരമായി വിഭജിക്കാനും സാമൂഹ്യ സാംസാകാരിക പുരോഗതിയെ പിറകോട്ടു നടത്താനും ശ്രമിക്കുന്ന ശക്തികളുമായി പോലും ചങാത്തം കൂടുകയും ചെയ്തിരിക്കുന്നു. ഇത്തരം നടപടികള്‍ വഴി ആത്യന്തികമായി സാമൂഹ്യ പുരോഗതിയ്ക്കേല്ക്കുന്ന അപരിഹാര്യമായ പരുക്കുകള്‍ ഇവരെയൊന്നും വ്യാകുലപ്പെടുത്തുന്നില്ലെന്നത് അല്ഭുതാവഹമാണു.പി.ഡി.പി,ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് (എന്‍.ഡി.എഫ്.) എന്നീ സംഘടനകള്‍ തിരഞെടുപ്പു രാഷ്ട്രീയത്തില്‍ ഓരോരോ മുന്നണികള്‍ക്കൊപ്പം നിന്ന് പരോക്ഷവും പ്രത്യക്ഷവുമായി തിരഞെടുപ്പില്‍ ഇടപെടുമ്പോള്‍ ഇന്നലെ വരെ അവരെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങളൊന്നാകെ അതുപോലെ വിഴുങുകയും മത നിരപേക്ഷ കേരളം പുലര്‍‍ത്തിവന്ന അവസാന പ്രതീക്ഷകള്‍ പോലും കെടുത്തിക്കളയും വിധത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മത സാമുദായിക ശക്തികള്‍ക്കു കീഴടങുകയും ചെയ്യുന്ന ദുരന്തക്കാഴ്ചകള്‍ക്കു കേരളം സാക്ഷിയാവുകയാണു.മത നിരപേക്ഷ മുദ്രാവാക്യങളൊ, ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ ജനതയെ പൊതുവില്‍ ബാധിക്കുന്ന ജീവല്‍ പ്രശ്നങളോ അല്ല, കേരളത്തില്‍ ഇക്കുറി തിരഞെടുപ്പിലെ ചര്‍‍ച്ചാ വിഷയം. മദ്ധ്യേഷാ രാഷ്ട്രീയം മുതല്‍ മത ആചാര അനുഷ്ഠാന വിഷയങളും മറ്റുമാണു ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതൊന്നും ഇന്ത്യയിലെയോ കേരളത്തിലെയോ സാധാരണക്കാരന്‍റെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെടുന്ന വിഷയങളല്ല.മറിച്ച് സാമുദായിക വൈകാരികതയെ കത്തിച്ചു നിര്‍ത്തി തങളുടെ രഹസ്യ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന സുതാര്യ സ്വഭാവമില്ലാത്ത ചില സംഘടനകളുടെ പതിവു വിഷയങളാണു. അത്തരം വിഷയങള്‍ ഒരു പൊതു തിരഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയങളാക്കി മാറ്റിയതില്‍ ഇടതു വലതു മുന്നണികളിടെ ഇത്തരം സംഘടനകളോടുള്ള പ്രീണനന നയമാണു കാരണമായത്.മതേതര ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്‍റിലേയ്ക്ക് മല്‍സരിക്കുന്ന ഒരു മതേതര പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്കു ശരിയായി നിസ്കരിക്കാനറിയില്ലെന്നത് ഒരയോഗ്യതയായി അബ്ദുള്‍നാസര്‍ മദനി ഉന്നയിക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ നടത്തുന്ന യാത്രയിലാണെന്നത് നിസ്സാരമായി കാണാന്‍ കഴിയുമോ? പിണറായി വിജയനോ സി.പി.എമ്മോ മതേതരത്വത്തിന്‍റെ ഏതളവിലുള്ള കുപ്പായമിടീച്ചാലും മദനിയ്ക്കു മദനിയോളമല്ലാതെ വളരാനാവില്ലെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണീ പ്രസ്താവന.മതേതര ബോധമുള്ള ജനങളെയൊന്നാകെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ മതേതര ആശയത്തെ തന്നെയും പരിഹസിക്കും വിധം ആചാരപരമായി പ്രാര്‍ത്ഥിയ്ക്കാനറിയുക എന്നത് ഇന്ത്യന്‍ പാര്‍ലമെന്‍റിലെത്താനുള്ള യോഗ്യതയാണെന്നു, അല്ലെങ്കില്‍, ആചാരപരമായ പ്രാര്‍ത്ഥനയറിയാത്ത ഒരാള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലേയ്ക്കു തിരഞെടുക്കപ്പെടാന്‍ യോഗ്യയോ യോഗ്യനോ അല്ലെന്നു അബ്ദുള്‍ നാസര്‍ മദനി ഇടതു പ്രചാരണ വേദിയില്‍ നിന്നു കൊണ്ടു പറയുമ്പോള്‍ അതു കേരളീയ നവോത്ഥാനവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ത്ഥാനവും നമ്മുടെ സമൂഹത്തിനു സംഭാവന ചെയ്ത മതനിരപേക്ഷ യുക്തി ചിന്തയ്ക്കുനേരെയുള്ള പരിഹാസം ചൊരിയലാണു. തികച്ചും അനാരോഗ്യകരവും ഒരു പുരോഗമന സമൂഹത്തിനു ഒരിയ്ക്കലും സ്വീകരിക്കാന്‍ പറ്റാത്തതുമായ പലതും‍ എതിര്‍പ്പുകളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ടീ തിരഞെടുപ്പില്‍.മത യാഥാസ്ഥിതിക ശക്തികള്‍ അവരവരുടെ വഴികളില്‍ പണ്ടുമുതലേ പ്രചരിപ്പിച്ചു വരുന്ന കാര്യങള്‍ തന്നെയാണു പലതുമെങ്കിലും അന്നതൊക്കെ മതേതര രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനു വിധേയമായിട്ടുണ്ട്.മതേതര മാനവിക ആശയങള്‍കൊണ്ട് ഇത്തരം പ്രചാരണങളെ പ്രതിരോധിക്കാന്‍ ഇടതു കക്ഷികളെങ്കിലും അന്നൊക്കെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. എന്നാല്‍ വോട്ടു ബേങ്ക് രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യമായ ഉത്തരവാദിത്തങള്‍ നിര്‍ലജ്ജം മറന്നുകളഞ നമ്മുടെ മതേതര രാഷ്ട്രീയ കക്ഷികള്‍ ഇന്നിത്തരം പിന്തിരിപ്പത്തരങള്‍ക്കു കുടപിടിക്കാന്‍ മല്‍സരിക്കുകയാണു. തസ്ലീമാ നസ്രീനും ഈ തിരഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. അവര്‍ ചര്‍ച്ചാവിഷയമായി വരുന്നത് എറണാകുളത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണു. ആഗോള ഇസ്ലാമിസ്റ്റുകളാല്‍ വേട്ടയാടപ്പെട്ട ഒരു ഇരയോടുള്ള ഐക്യദാര്‍ഡ്ഡ്യമെന്ന നിലയിലോ, അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ പുലര്‍ത്തുന്ന അമാനവിക ആശയങള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ രാഷ്ട്രീയം തിരഞെടുപ്പു വേദികളില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതുകൊണ്ടോ അല്ല ഈ ചര്‍ച്ച ഇപ്പോള്‍ മാധ്യമങളിലും തിരഞെടുപ്പു വേദികളിലും നടന്നു വരുന്നത്. പകരം, തസ്ലീമയെ വേട്ടയാടിക്കൊണ്ടി്രിക്കുന്ന ശക്തികളുടെ നിലപാടുകളെ പക്ഷം പിടിച്ചുകൊണ്ടും അവരുടെ വീക്ഷണകോണിലൂടെയുമാണു. ത്സ്ലീമയോടൊപ്പം സൗഹൃദം പങ്കുവയ്ക്കുന്നവരും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചവരും അവര്‍ക്കു സ്വീകരണം നല്‍കിയവരുമൊക്കെ പാപികളും കുറ്റവാളികളുമാണു എന്ന വിധത്തിലാണു ചര്‍ച്ചയുടെ പോക്ക്. ഇത്തരം ചര്‍ച്ചകകളെല്ലാം അങു വകവച്ചു കൊടുത്ത മട്ടിലാണു നമ്മുടെ പ്രഖ്യാപിത മതേതരരെല്ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം.തസ്ലീമ നസ്റീനും എം.എഫ്.ഹുസൈനും വ്യത്യസ്ത നിറമുള്ള ഒരേ തരം ഭീകരതയുടെ ഇരകളാണെന്നും അവരെ പിന്തുണയ്ക്കുകയും അവര്‍ക്കു സം രക്ഷണം നല്കുകയും ചെയ്യുക എന്നത് മത നിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രാഥമികമായ കടമയാണെന്നും ഉറക്കെ പറയാന്‍ ഒരു പാര്‍ട്ടിയിലും ആളില്ലാത്താ സ്ഥിതി വന്നിരിക്കുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന്‍റെ മറവില്‍ സംഘടിത മത തീവ്ര യാഥാസ്ഥിതിക ശക്തികള്‍ കേരളീയ പൊതു മണ്ടലം കയ്യടക്കുകയും അധികാര കൊതിമൂത്ത രാഷ്ട്രീയ കക്ഷികള്‍ ഇത്തരം ശക്തികളെ പ്രീണിപ്പിച്ചു നേടാവുന്ന വോട്ടുകളില്‍ കണ്ണു നട്ട് ഇവരുടെ പിന്തിരിപ്പന്‍ തോന്ന്യാസങള്‍ക്കു കുടപിടിക്കുകയും ചെയ്യുക വഴി തിരഞെടുപ്പാനന്തര കേരളം നടന്നടുക്കുന്നത് തികഞ അന്ധകാരത്തിലേക്കാണു.