Sunday, 19 October 2008

"മാധ്യമം" വഴി ജമാ അത്തുകാര്‍ മലയാളികളിലേയ്ക്ക് ഒളിച്ചു കടത്തുന്നത്.

കപടമായ മാന്യതയുടെയും കൃത്രിമമായ സദാചാരത്തിന്റെയും ഭാവമാണു 'മാധ്യമം' പ്രസിദ്ധീകരണങളുടെ പൊതുവായ മുഖമുദ്ര. മതേതരമായൊരു മാനവികതയുടെ മഹത്വത്തെക്കുറിച്ചുള്ള ബലം പിടിച്ച വര്‍ത്തമാനങള്‍ക്കുള്ളിലും, തിളയ്ക്കുന്ന ലാവ പോലെ ഏത് നിമിഷവും പൊട്ടി ഒലിയ്ക്കാന്‍ പാകത്തില്‍ വര്‍ഗ്ഗീയ ചിന്തയുടെ ചലവും ചോരയും ഉള്ളില്‍ പേറുന്നുണ്ടീ പ്രസിദ്ധീകരണങള്‍.തങള്‍ നിലകൊള്ളുന്നത് പിന്നോക്ക പീഡിത ന്യൂനപക്ഷ വിഭാഗങളുടെ അവകാശങള്‍ക്കുവേണ്ടിയാണെന്നവകാശപ്പെടുന്ന ഈ പ്രസിദ്ധീകരണങള്‍ പക്ഷേ, ഇസ്ലാമിക രാഷ്ട്ര സ്ഥാപനം സ്വപ്നം കണ്ടു പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആശയാടിത്തറയിലാണു പ്രവര്‍ത്തിയ്ക്കുന്നത്.വളരെ ചെറിയ സാമുദായിക പ്രകോപനങളോടു പോലും അനിയന്ത്രിതമായ വൈകാരികതയോടെ വാര്‍ത്തകളെ പൊലിപ്പിച്ചു പ്രതികരിയ്ക്കുകയും, തങളുടെ നിഗൂഡ്ഡ വര്‍ഗ്ഗീയ അജണ്ടയ്ക്കു അനുകൂലമായ ചിന്ത വായനക്കാരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന തന്ത്രമാണിവര്‍ പൊതുവെ സ്വീകരിച്ചു വരുന്നത്.ആദര്‍ശത്തിന്റെയും മാന്യതയുടെതും എന്നു തോന്നിയ്ക്കുന്ന ഒരു ഭാവം മുഖമുദ്രയായി സൂക്ഷിയ്ക്കുകയും ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി ഉയരുന്ന പ്രതിഷേധങളെയും ചിന്തകളെയും പ്രതിരോധിക്കാനും ദുര്‍ബ്ബലമാക്കാനുമായി, എന്തിനും ഏതിനും കയ്യൊപ്പു ചാര്‍ത്താനും പ്രസ്താവനയിറക്കാനും മാത്രമായി ഉടുത്തൊരുങി എപ്പോഴും തയ്യാറായി നില്‍ക്കുന്ന സാംസ്കാരിക 'കൂലിത്തല്ലുകാരെ' അണിനിരത്തി വായനക്കാരന്റെ സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിച്ചു കളയും ഇക്കൂട്ടര്‍.സെപ്റ്റംബര്‍ പതിനൊന്നു സംഭവിച്ചപ്പോഴും മാറാട് സംഭവിച്ചപ്പോഴും ജാമിയ നഗറുകള്‍ സംഭവിയ്ക്കുമ്പോഴും നിരവധി ബോംബു സ്ഫോടനങള്‍ നടന്നപ്പോഴുമെല്ലാം, ഇവര്‍ തങളുടെ 'മതേതര,ജനാധിപത്യ, മാനവിക' 'നിലപാടുകളുടെ' തനിനിറം പുറത്തു കാട്ടിയിട്ടുണ്ട്. സംഭവങളുടെ നെല്ലും പതിരും പുറത്തു വരുന്നതിനു മുമ്പെ തന്നെ കുറ്റവാളികളെന്നു കരുതപ്പെടുന്നവരെ വെള്ള പൂശുന്ന സിദ്ധാന്തങള്‍കൊണ്ട് പേജുകള്‍ നിറക്കും.മേല്‍ ചൊന്ന സാംസ്കാരിക കൂലിത്തല്ലു സംഘങളെ പോര്‍ക്കളത്തിലിറക്കും.ഭീകരരേയും നിരപരാധികളുടെ ജീവനെടുത്ത ചാവേറുകളെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയെടുക്കും. മാധ്യമ രംഗത്തെ പതിവു വാണിജ്യ മല്‍സരങള്‍ കൂടാതെ മുസ്ലീം തീവ്രവാദത്തിനു കുട പിടിയ്ക്കുന്ന കാര്യത്തില്‍ തങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു പത്രം കൂടി രംഗത്ത് വന്നതോടെ 'മാധ്യമം' ഗ്രൂപ്പു പ്രസിദ്ധീകരണങള്‍ കുറച്ചു കൂടി പരസ്യമായി തങളുടെ തനിനിറം പുറത്തു കാട്ടിത്തുടങിയിട്ടുണ്ട്.തീവ്രവാദ മനസ്സുള്ളവരുടെ നേതൃത്വം പരസ്യമായി ഏറ്റെടുത്തുകൊണ്ട് "തേജസ്സ്" രംഗത്തു വന്നപ്പോള്‍, മൃദു നാട്യങളുടെ മുഖം മൂടി തങളുടെ കാലിനടിയിലെ മണ്ണു ചോര്‍ത്തിക്കളയുമെന്നും തീവ്ര-ഭീകരവാദ ആശയങളുടെ ചാമ്പ്യന്‍ പട്ടം ഞങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമുള്ള ഒരു സമീപനത്തിലേക്കു 'മാധ്യമം' മാറിയിട്ടുണ്ട്.അതിനു ലഭിച്ച ഒന്നാന്തരം അവസരമായിരുന്നു ഡല്‍ഹി സ്ഫോടങളും തുടര്‍ന്നുണ്ടായ സംഭവങളും. മാധ്യമം ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ക്കു പിന്നിലെ രാഷ്ട്രീയ ശക്തി ഏതാണു എന്നു എല്ലാവര്‍ക്കുമറിയാവുന്നതാണു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തില്‍ കുറഞ ഒന്നും സ്വീകാര്യമല്ലാത്ത ഒരു മതവീക്ഷണവും ദര്‍ശനവും പുലര്‍ത്തുന്ന ഇന്ത്യന്‍ ഉപഭൂഗണ്ടത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മത മൗലിക വാദ പ്രസ്ഥാനം. വളരെ തന്ത്രപൂര്‍വ്വം കേരളത്തിന്റെ മാധ്യമ രംഗത്ത് അവര്‍ ഉണ്ടാക്കി എടുത്ത സ്വീകാര്യതയും അതു വഴി അവരുടെ പ്രതിലോമ രാഷ്ട്രീയത്തിന്റെ അസ്പൃശ്യതയെ ഇല്ലാതാക്കി എടുക്കാന്‍ കഴിഞതും കേരളത്തിന്റെ മതേതര പൊതു ഇടത്തെ ദുര്‍ബ്ബലമാക്കിത്തീര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്‍ടെന്ന കാര്യം ഗൗരവതരമായി പരിഗണിക്കപ്പെടാതെ പോകുന്നുണ്‍ട്.'മാധ്യമം' ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ കേരളത്തിന്റെ മുഖ്യധാരാ സ്വീകാര്യതയിലേക്കു നുഴഞു കയറിയത്, ഇവിടുത്തെ ചില സാംസ്കാരിക 'എടുക്കാ ചരക്കുകളെ' ശിഖണ്ടികളെപ്പോലെ മുന്നില്‍ നിര്‍ത്തിയാണു. പിന്നോക്ക ദളിത് ന്യൂനപക്ഷ ഐക്യമെന്ന ആശയത്തിന്റെ മറപിടിച്ച്, മലയാളി വായനാ സമൂഹത്തിന്റെ ഇടത് ആഭിമുഖ്യത്തിനിണങുന്ന പദാവലികളും പ്രയോഗങളും വഴി, തങളുടെ വളഞ ചിന്തയുടെ വിഷപ്രയോഗം, കേരളത്തിന്റെ സിവില്‍ സൊസൈറ്റിയെ തകര്‍ക്കും വിധം ഒളിച്ചു കടത്തുകയാണിവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.സാമൂഹ്യമായും രാഷ്ട്രീയമായും കാലം പോലും നിരാകരിച്ച പഴയ ചില പല്ലു കൊഴിഞ അതി വിപ്ലവകാരികളാണു ഇവര്‍ക്കു വേണ്ടി പേനയുന്തുന്ന പ്രധാന "കൂലി" കള്‍. ഏതു ഒഴിഞ കസേരയില്‍ കയറിയായാലും ഞെളിയാനൊരവസരം മാത്രം മതി എന്നു കരുതുന്നവര്‍. കാലത്തിന്റെ കടലെടുത്ത് ചീഞഴുകിയ ഇവരുടെ തലച്ചോറില്‍ നിന്നും പുറത്തു വരുന്ന 'ചത്ത' ചിന്തകളുടെ രാവണന്‍ കോട്ട കാണാന്‍ 'മാധ്യമം' പ്രസിദ്ധീകരണങളുടെ താളുകളിലൂടെ മുന്‍ വിധികളില്ലാതെ കടന്നുപോയാല്‍ മാത്രം മതി. വാക്കുകളെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നതില്‍ 'മാധ്യം' ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ കാണിക്കുന്ന കുതന്ത്രം അപാരമാണു.മുസ്ലിം വായനക്കാരില്‍ കഠിനമായ ഇര ബോധം സൃഷ്ടിച്ചെടുക്കാനുതകും വിധത്തിലുള്ള വാര്‍ത്തകള്‍ തിരഞെടുക്കുന്നതിലും മെനഞുണ്ടാക്കുന്നതിലും 'മാധ്യമം' പത്രം കാണിക്കുന്ന അവധാനത പഠനാര്‍ഹമാണു. തങള്‍ ലക്ഷ്യം വയ്ക്കുന്ന ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തിനനുകൂലമായി മുസ്ലിം മനസ്സുകളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, ഇന്ത്യപോലൊരു ബഹുമത, മതേതര സമൂഹത്തില്‍ മുസ്ലീം സ്വത്വം അപകടത്തിലാണു എന്ന ഭീതി സൃഷ്ടിച്ചെടുക്കാനും അതു വഴി രാജ്യത്തിനകത്ത് മതപരമായ ഉപദേശീയ ചിന്ത വളര്‍ത്തിയെടുക്കാനും ഇവര്‍ നിരന്തരം ശ്രമിയ്ക്കുന്നുണ്ട്.ഭീകരരെ 'പോരാളികള്‍' എന്നു വിശേഷിപ്പിച്ചും, മതേതരരെ കപട മതേതരര്‍ എന്നു വിളിച്ചും, ശരിയായ ഇടതുപക്ഷ നിലപാടു പുലര്‍ത്തുന്നവരെ മതവിരോധികളായി ചിത്രീകരിച്ചും വാക്കുകളെയും പ്രയോഗങളെയും മനോഹരമായി ഒടിച്ചും വളച്ചും തികഞ പ്രൊഫഷനലിസത്തോടെ മത മൗലികവാദത്തിന്റെ വിഷ വിത്തുകള്‍ കേരളീയ മനസ്സുകളില്‍ എങിനെ വിതയ്ക്കാമെന്നും, സോളിഡരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിത്യാദി വ്യത്യസ്ത മുഖം മൂടികളിലൂടെ വന്‍ വിളവായി കൊയ്തെടുക്കാമെന്നും കേരളീയ ജമാ അത്തെ ഇസ്ലാമി നന്നായി മനസ്സിലാക്കിയിട്ടുണ്ട്.ആര്‍ക്കും എപ്പോഴും വെറും നക്കാപ്പിച്ചയ്ക്കു വിലക്കെടുക്കാവുന്ന, കാലത്തോടോ സമൂഹത്തോടോ തന്നോടു തന്നെയോ ഉത്തരവാദിത്തമില്ലാത്ത പേനയുന്തികളായ ചില അഭിനവ 'ബുജി' കളുടെ രണ്ടും കെട്ട നിലപാടുകള്‍ ഈ "വിഷച്ചെടികള്‍"ക്കു നല്‍കുന്ന ബൗദ്ധിക ജാഡയും ഇവരുടെ കച്ചവടത്തെ കൊഴുപ്പിക്കാനുള്ള ഉപാധിയായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. മുഖ്യധാരാ സമൂഹത്തിന്റെ മതേതര ബോധത്തെ പ്രീണിപ്പിയ്ക്കാന്‍ ഓണത്തിനു പൊതു അവധി നല്‍കിയും ശബരിമല സപ്ലിമെന്റിറക്കിയും നാനാതരം വേഷം കെട്ടലുകള്‍ പരീക്ഷിയ്ക്കുമ്പോഴും ഒളിച്ചു വച്ച വിഷ ദംഷ്ട്രകള്‍ ചിലപ്പോഴെങ്കിലും അറിയാതെ പുറത്തു ചാടുന്നത് , ഇവരുടെ തനി നിറം മനസ്സിലാക്കുന്നതിനു പൊതു സമൂഹത്തിനു സഹായകമായിത്തീരുന്നുണ്ട്.

Sunday, 12 October 2008

ഒരു ആള്‍ ദൈവം കൂടി പിറക്കുമ്പോള്‍.

അങിനെ ഒരു ആള്‍ദൈവം കൂടി പിറന്നിരിക്കുന്നു.അല്‍ഫോണ്‍സാമ്മ വിശുദ്ധയായി.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങില്‍ മാര്‍പ്പാപ്പയാണു വിശുദ്ധയുടെ പദവിയിലേക്കു ഈയമ്മയെ ലിഫ്റ്റ് ചെയ്തത്.ഇനി മുക്കിനു മുക്കിനു രൂപക്കൂടുകള്‍ ഉയരും.മെഴുതിരികള്‍ എരിയും.വിശുദ്ധയാക്കപ്പെട്ടവരോട് മനം നൊന്ത് കരഞപ്പോള്‍ മാഞു മാഞില്ലാതായ മാരക രോഗങളുടെ നെടു നീളന്‍ പട്ടികകള്‍ ഗവേഷണ പ്രബന്ധങളോടൊപ്പം 'പ്രമുഖ' ശാസ്ത്രജ്ഞര്‍ തന്നെ പുറത്തിറക്കും.ആള്‍ ദൈവ വ്യവസായങള്‍ തഴച്ചു വളരുന്നതിനെപ്രതി ധാര്‍മ്മിക രോഷത്തിന്റെ അണക്കെട്ടുകള്‍ പൊട്ടിച്ച് ഗീര്‍ വാണങള്‍ കാളമൂത്രം പോലെ ചറ പറാന്ന് എമ്പാടും തൂവി തെറിപ്പിച്ച് നടന്ന ബുജികളും പത്രപ്രവര്‍ത്തക ശിങ്കങളുമെല്ലാം ഒന്നു രണ്ടു ദിവസമായി ലൈവായും അല്ലാതെയും കാട്ടിക്കൂട്ടുന്ന തോന്ന്യാസങളെ എന്ത് പേരിട്ടാണു വിളിക്കുക? നമ്മുടെ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങളെല്ലാം ഒന്നാകെ ഒരു മഹാസംഭവംപോലെ ഈ ചടങിനെ അവതരിപ്പിക്കുമ്പോള്‍ അതു വഴി സാമൂഹ്യ ബോധത്തിലേക്കു അവര്‍ കടത്തിവിടുന്ന അന്ധവിശ്വാസത്തിന്റെയും അയുക്തിയുടെയും അസംബന്ധങളെക്കുറിച്ച് ആരും ഗൗരവപൂര്‍വ്വം ആലോചിക്കാത്തതെന്ത്? സത്യത്തെയും യുക്തിയെയും കശാപ്പു ചെയ്തായാലും കച്ചവടം കൊഴുത്താമതി എന്നു കരുതുന്ന ഈ വണിക്കുകളൊക്കെയാവും നാളെ മറ്റൊരിടത്ത് കയറിനിന്ന് തകരുന്ന നവോത്ഥാന മൂല്യങളെപ്രതിയും കൊഴുക്കുന്ന ആള്‍ദൈവ വ്യവസായത്തെക്കുറിച്ചും പെരുകുന്ന അന്ധവിശ്വാസത്തെക്കുറിച്ചും ഇവന്റെയൊക്കെ അമ്മയെ കെട്ടിക്കുന്ന ആത്മ വഞ്ചനയുടെ തൊള്ള തുറക്കുക. ശബരിമലയിലെ കര്‍പ്പൂരം കത്തിക്കലിനും മറ്റു പല ഇടങളിലെയും പലതരം തട്ടിപ്പുകള്‍ക്കും "ലൈവ്" ആയി കുട പിടിച്ചും കഞി വച്ചും ബഹുകൃതവേഷമാടുന്ന ഇതേ മാധ്യമത്തമ്പുരാക്കന്മാര്‍ തന്നെയാണു കുറച്ചു നാള്‍ മുന്‍പെ മതമില്ലാത്തൊരു ജീവനെ പുല്ലു തിന്നാത്തൊരു പാഠ പുസ്തക ഏടില്‍ പോലും വച്ചു പൊറുപ്പിക്കുന്നത് ആകപ്പാടെ കുഴപ്പമുണ്ടാക്കും എന്നു നെടു നീളത്തില്‍ ഉപന്യസിച്ചതും തെരുവായ തെരുവെല്ലാം കലുഷമാക്കാന്‍ കുട്ടിക്കുരങന്മാരെ ഇളക്കിവിട്ടതും.എന്തിനധികം പറയണം, സാമാന്യ യുക്തിയെപോലും അപഹസിക്കും വിധത്തിലൊരു അസംബന്ധ ചടങു വഴി ഒരാളെ മരണാനന്തരം വിശുദ്ധയോ വിശുദ്ധനോ ആക്കുന്നതിലെ പ്രതിലോമ ഉള്ളടക്കത്തെ ചെറുതായൊന്നു പ്രശ്നവല്‍ക്കരിക്കാന്‍ ഇവിടുത്തെ ഇടതുപക്ഷത്തിനെങ്കിലും കഴിയാതെ പോകുന്നതിലെ വോട്ട് ബേങ്ക് രാഷ്ട്രീയം അങേയറ്റം അപലപനീയമാണു. ഇനി, എങിനെയാണൊരാളെ കത്തോലിക്കാ സഭ വിശുദ്ധനോ വിശുദ്ധയോ ആക്കുന്നതെന്നു കാണുക.ലോകം മുഴുവന്‍ കണ്ടും കേട്ടും അറിഞ മദര്‍ തെരേസ അക്ഷരാര്‍ത്ഥത്തില്‍ പാവങളുടെ അമ്മയായിരുന്നു.ഉടുക്കാത്തവനും ഉണ്ണാത്തവനും ഉടുപ്പും ഊണും കൊടുക്കുന്നത് എന്നെ ഉടുപ്പിക്കുന്നതിനും ഊട്ടുന്നതിനും തുല്യമാണെന്നു പറഞ കര്‍ത്താനിനോട് മാത്രം കടപ്പെട്ട് ജീവിച്ചവര്‍.ആയിരക്കണക്കിനു അശരണര്‍ക്കും ആലംബഹീനര്‍ക്കും താങും തണലുമായി സേവനപാതയില്‍ അവര്‍ ജീവിച്ചു തീര്‍ത്തത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യോഗിനിയുടെ ജീവിതമായിരുന്നു.ദൈവമെന്നൊരു പ്രതിഭാസമുണ്ടെങ്കില്‍ അതിന്റെ (ദൈവം നപുംസക് ലിംഗത്തില്‍ പെടാനേ തരമുള്ളു.) ഹൃദയത്തില്‍ ഇടം ലഭിക്കുന്ന പ്രവൃത്തി!!!.എന്നാല്‍ അതൊന്നും മതിയാവുമായിരുന്നില്ല മദറിനു വിശുദ്ധ പദവി നല്‍കാന്‍, കത്തൊലിക്കാ സഭയ്ക്കും മാര്‍പ്പാപ്പയ്ക്കും.!!! ഒടുവില്‍ ഒറീസ്സയില്‍ നിന്നോ മറ്റോ ഉള്ള ആരോ ഹാജരാക്കിയ ഒരു വ്യാജ സത്യവാങ്മൂലത്തിന്റെ പുറത്താണു ആയമ്മയ്ക്കു വിശുദ്ധ പദവി ലഭിച്ചത്!!!. ബ്രദര്‍ തങ്കുവെന്ന 'മനോരോഗി' പോലും പ്രാര്‍ത്ഥിച്ചു രോഗം മാറ്റിയെന്നു സര്‍ട്ടിഫൈ ചെയ്യാന്‍ ഇവിടെ DMO മാര്‍ വരെ ബോര്‍ഡും വച്ചിരിപ്പുള്ളപ്പോഴാണു അല്‍ഫോണ്‍സാമ്മയുടെ 'അല്‍ഭുത' പ്രവൃത്തിയ്ക്കു ആരോ ഒക്കെ സാകഷ്യം പറഞെന്നും പറഞുള്ള ഈ കാടിളക്കല്‍.ലോക സമക്ഷം സ്വജീവിതം രോഗികള്‍ക്കും നിരാലംബര്‍ക്കുമായി സമര്‍പ്പിക്കലോ അതു വഴി ദൈവത്തിന്റെ ഹൃദയത്തിലിടം നേടുകയോ അല്ല, സഭയെ സംബന്ധിച്ച് വിശുദ്ധ പദവിയിലേക്കുയരാനുള്ള മാനദണ്ടം.അതിനു വേണ്ടത് മാജിക്കാണത്രെ!!അല്‍ഭുത പ്രവൃത്തി!ഇനി ഈ വിശുദ്ധ പദവിയിലേയ്ക്കു ഇവരെയൊക്കെ ഉയര്‍ത്തുന്ന യോഗ്യന്‍ ആരെന്നല്ലെ? ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസങളിലൊരാളായ ആ കുള്ളന്‍ 'തെമ്മാടി' ഒരു ടി.വി.ഷോയില്‍ പരസ്യമായി ചെറ്റ എന്നു ആഭിസംബോധന ചെയ്ത ദൈവത്തിന്റെ പ്രതി പുരുഷന്‍.സാക്ഷാല്‍ പോപ്പ്!!.കേരളാ കോണ്‍ഗ്രസ്സ് മൊത്തമായും കേന്ദ്ര മന്ത്രിസഭാ പ്രതിനിധികള്‍ ചില്ലറയായും വത്തിക്കാനിലോട്ടു വച്ചു പിടിച്ചതും കേരളത്തെയാകെ 'ലൈവില്‍' നിര്‍ത്തി വത്തിക്കാനില്‍ നിന്നും കര്‍ത്താവിനിരുവശവും കുരിശേറ്റപ്പെട്ട പെരുങ്കള്ളന്മാരെപ്പോലെ ഈ 'വിശുദ്ധ'യ്ക്കിരുപുറവും നിന്നു കെ.എം.മാണിയും പി.സി.ജോര്‍ജ്ജും മറ്റും നടത്തുന്ന വയറിളക്കത്തിന്റെ നാറ്റവുമൊക്കെ സഹിക്കേണ്ടി വരാനും മാത്രം കര്‍ത്താവേ.. ഇത്ര വലിയ പാപം ഞങളെന്തു ചെയ്തു എന്നു ചോദിക്കുക മാത്രമേ തരമുള്ളൂ.

Thursday, 9 October 2008

പാര്‍ട്ടി പ്രവര്‍ത്തകന്റെ ലൈംഗിക കുറ്റ കൃത്യവും സി.പി.എം നിലപാടും.

സി.പി.എം. ഓഫീസിലെ പീഡനം: ബ്രാഞ്ച്‌ നേതാവ്‌ അറസ്‌റ്റില്‍ .
കൊയിലാണ്ടി: ബാലസംഘം പ്രവര്ത്തകകരായ മൂന്നു പെണ്കുട്ടികളെ ബ്രാഞ്ച്‌ കമ്മിറ്റി ഓഫീസില്‍ വെച്ചു പീഡിപ്പിച്ച മുന്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍. വെങ്ങളത്തെ ചീനിച്ചേരി ബ്രാഞ്ച്‌ സെക്രട്ടറി തോട്ടംവയല്‍ കെ.കെ. സുധാകരനെ(55)യാണു കൊയിലാണ്ടി പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

രണ്ടു മൂന്നു ദിവസമായി വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണിതു.പ്രതി സ്ഥാനത്ത് ഒരു സി.പി.എം കാരനാണു എന്നതും അതു വഴി സി.പി.എം നെ അക്രമിക്കാന്‍ ഒരു വഴി തെളിഞു കിട്ടിയിരിക്കുന്നു എന്നതുമാണു ചില മാധ്യമങള്‍ ഈ വാര്‍ത്തയെ അവരുടെ പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നുപോലുമാക്കി പൊലിയ്പ്പിക്കുന്നതിന്റെ പ്രധാനകാരണം.കേരളത്തിലെ പുരുഷന്മാരില്‍ മാരകമായി പടരുന്ന ലൈംഗിക വൈകൃതത്തിന്റെ വൈറസുകള്‍ പിഞ്ചു കുഞുങള്‍ക്കുപോലും രക്ഷനല്‍കാത്ത വിധം മാരകമായി വളര്‍ന്നിരിക്കുന്നു എന്നതോ മധ്യ വയസ്സു കഴിഞവരാണു അടുത്ത കാലത്തായി ഇത്തരം ഹീനമായ കുറ്റകൃത്യങളില്‍ ഏര്‍പ്പെടുന്നതെന്ന സത്യം നമ്മില്‍ ഉണ്ടാക്കുന്ന ഭീതിയുടെ ഇരട്ടിപ്പോ അല്ല,വീണു കിട്ടിയ അവസരം മുതലെടുത്ത് തങളുടെ സി.പി.എം വിരോധത്തിന്റെ വരട്ടു ചൊറി സുഖം ഒന്നനുഭവിച്ചു കളയാം എന്ന അകിടിന്‍ ചുവട്ടിലും ചോര തിരയുന്ന പതിവു കൗതുകം തന്നെയാണു ഈ വിഷയത്തിലും മലയാളി മനസ്സിനെ 'പ്രതിനിധീകരിക്കുന്ന' ചില പത്രങള്‍ പ്രത്യേകിച്ചും പിന്തുടരുന്നത്.വഴിവിട്ട ലൈംഗിക മനോ വൈകൃതങള്‍ക്കും ക്രിമിനല്‍ വാസനകള്‍ക്കും ഉടമകളായ ആളുകള്‍ സമൂഹത്തിന്റെ പല മേഖലകളിലും കണ്ടെന്നിരിക്കും.ഒരാള്‍ ഒരു സംഘടനയില്‍ അംഗമാകുന്നതിനു മുന്നോടിയെന്നോണം അയാളിലെ ഇത്തരം വാസനകളെ കണ്ടെത്തുക എന്നതൊന്നും പ്രയോഗികമോ നടക്കുന്നതോ ആയ കാര്യങളല്ല.എന്നാല്‍ ഇത്തരം അധമ പ്രവൃത്തിയിലേര്‍പ്പുടുന്ന ഒരാളെ അയാള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയും (കഥാ നായകനെപ്പോലെ പൊതുപ്രവര്‍ത്തകനാണെങ്കില്‍) അയാള്‍ ജീവിക്കുന്ന സമൂഹവും എവ്വിധം കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും ആ സംഘടനയുടെയും സമൂഹത്തിന്റെയും ഗരിമയെ വിലയിരുത്തേണ്ടത്.ഇവിടെയാണു തീര്‍ച്ചയായും സി.പി.എം. മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും സംഘടിത സ്ഥാപനങളില്‍ നിന്നും വ്യത്യസ്തവും മാതൃകാപരവുമാവുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റ് സദാചാരം പഠിപ്പിക്കുന്നതിലോ (ഹോചിമിനാണെന്നാണോര്‍മ്മ, "കമ്മ്യൂണിസ്റ്റുകാരന്റെ സദാചാര സങ്കല്പം" എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.) രാഷ്ട്രീയ വല്‍ക്കരിക്കുന്നതിലോ ഇന്നു സി.പി.എമ്മിനു താല്പര്യമില്ലെന്നു എല്ലാവര്‍ക്കുമറിയാം.ദ്രുത ഗതിയില്‍ വലതുപക്ഷ വല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ആ പാര്‍ട്ടിക്കു ഇന്നും പൂര്‍ ണ്ണമായി ഉപേക്ഷിക്കാന്‍ കഴിയാത്ത ചില ജാഗ്രതകള്‍ നിമിത്തമാണു, ഈ വിഷയത്തിനാധാരമായ സംഭവത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി ഭാരവാഹിയെ ചൂടാറും മുമ്പെ മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്നു അകിടില്‍ ചോര തേടുന്ന പത്രങള്‍ക്കു പോലും വിശേഷിപ്പിക്കേണ്ടി വന്നത്. കുഞാലിക്കുട്ടി, പ്രായപൂര്‍ത്തിയെത്താത്ത റജീനയെ വ്യഭിചരിച്ചിട്ടുണ്ട് എന്നു തന്നെ കേരളത്തിലെ മഹാഭൂരിപക്ഷവും വിശ്വസിക്കുകയും സംഭവത്തിലെ ഇര തന്നെ അത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടും എന്തുണ്ടായി?ലീഗിലെ കിരീടം വയ്ക്കാത്ത രാജാവായി ശിഹാബ് തങളുടെ അനുഗ്രഹാശിസ്സുകളോടെ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് ഇപ്പോഴും ഈ 'കുട്ടിയ്ക്കു' വിലസി നടക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണു?.ബൗദ്ധികമായും രാഷ്ട്രീയമായും സി.പി.എമ്മിനു മുതല്‍ക്കൂട്ടായിരുന്ന സി.ഭാസ്കരനെപോലും ചില സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരില്‍ പുറത്തു കളയാന്‍ സി.പി.എമ്മിനു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നിരുന്നില്ല.സദാചാരത്തിന്റെ മൊത്ത വില്പനക്കാരായി സ്വയം അവതരിക്കുന്ന മത സാമുദായിക സംഘടനകളോ ലീഗടക്കമുള്ള മതത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ക്കോ തങളില്പ്പെട്ട ഒരു ക്രിമിനലിനെയോ
സദാചാര വിരുദ്ധനെയോ ഇവ്വിധം കൈകാര്യം ചെയ്യാന്‍ ആവുന്നില്ലെന്നിടത്താണു സി.പി.എം ഇക്കാര്യത്തിലെങ്കിലും വ്യത്യസ്തവും മാതൃകാപരവും ആകുന്നത്.ജീര്‍ണ്ണതയില്‍ നിന്നും ജീര്‍ണ്ണതകളിലേക്കു നിരന്തരം കൂപ്പു കുത്തുന്ന വര്‍ത്തമാന സി.പി.എം നേതൃത്വത്തെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടി വരുമ്പോള്‍ തന്നെ മാര്‍ക്സിസ്റ്റു വിരുദ്ധരുടെ കാടടച്ച വെടിക്കൊപ്പം ചേരാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് ഒരിയ്ക്കലും കഴിയില്ല.

Sunday, 5 October 2008

സി.പി.എമ്മും അബ്ദുള്ളക്കുട്ടിയും പിന്നെ ദൈവ വിശ്വാസവും.

പൊതു സ്ഥലത്ത് നടന്ന ഈദ് നമസ്ക്കാരത്തിന്റെ മുന്‍ നിരയില്‍ ഇടം പിടിച്ചുകൊണ്ട് സി.പി.എം. ന്റെ കണ്ണൂര്‍ എം.പി എ.പി.അബ്ദുള്ളക്കുട്ടി പാര്‍ട്ടിയോടും, ഒപ്പം താനൊരു തികഞ മാര്‍ക്സിസ്റ്റാണു എന്നു വിശ്വസിച്ചിരുന്ന പൊതു സമൂഹത്തോടും പറയാതെ പറഞിരിക്കുന്ന സത്യം ഇതാണു. " ഞാന്‍ ആദ്യവും അവസാനവും ഒരു മുസ്ലീമും പിന്നെ മാത്രം ഒരു സി.പി.എം കാരനുമാണു".കൂടാതെ പാര്‍ട്ടിക്കെതിരെയുള്ള ചെറിയൊരു വെല്ലുവിളിയുടെ പ്രകടനം കൂടിയായി ഈ പരസ്യമായ മത ചടങിലെ പങ്കു കൊള്ളലിനെ കാണാം."ഇതിന്റെ പേരില്‍ എനിയ്ക്കെതിരെ നടപടി എടുക്കാനുള്ള ചങ്കൂറ്റമുണ്ടോ നിങള്‍ക്ക്" എന്ന ചോദ്യത്തിന്റെ ശരീര ഭാഷ തികച്ചും പ്രകടമായിരുന്നു കുടുംബ സമേതമുള്ള അബ്ദുള്ളക്കുട്ടിയുടെ പരസ്യമായ പെരുന്നാള്‍ നമസ്ക്കാരത്തിനു.സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സാധാരണ കാഡര്‍ മാരിലും നേതൃ നിരയില്‍ പോലും പ്രവര്‍ത്തിക്കുന്ന ചെറുതല്ലാത്തൊരു വിഭാഗത്തിലും ഇന്ന് ദൈവ വിശ്വാസവും മത ആചാര അനുഷ്ഠാനങളില്‍ പങ്കെടുക്കാനുള്ള ത്വരയും വര്‍ദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്.ഏതു വിശ്വാസമായാലും അതൊന്നും ഏതെങ്കിലും പാര്‍ട്ടിയിലൊ സംഘടനയിലോ അംഗമാവുന്നതോടെ സ്വീകരിക്കപ്പെടേണ്ടതോ അംഗമല്ലാതാകുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതോ ആയ ഒന്നല്ല. എന്നു വച്ചാല്‍, സി.പി.എമ്മില്‍ അംഗമാകുന്നതോടെ ഒരാള്‍ നാളതുവരെ ദൈവമുണ്ട് എന്നാണു വിശ്വസിച്ചിരുന്നതെങ്കില്‍ ആ വിശ്വാസത്തെ ഉപേക്ഷിക്കുകയും, അതുപോലെ തന്നെ സി.പി.എമ്മില്‍ നിന്നു പുറത്തു പോകുമ്പോള്‍ വീണ്ടും ആ പഴയ വിശ്വാസത്തെ സ്വീകരിക്കുകയും ചെയ്യുക എന്ന നിലയിലല്ല കാര്യങള്‍ സംഭവിയ്ക്കുന്നത്.ഒരാള്‍ ഒരു മാര്‍ക്സിസ്റ്റാവുക എന്നതിനര്‍ത്ഥം അയാള്‍ സി.പി.എമ്മില്‍ അംഗമാവുക എന്നല്ല എന്നതുപോലെ തന്നെ സി.പി.എമ്മില്‍ അംഗമല്ലാതാവുന്നതോടെ ഒരാല്‍ മാര്‍ക്സിസ്റ്റല്ലാതെയുമാവുന്നില്ല. മാര്‍ക്സിസം മുന്നോട്ടു വയ്ക്കുന്ന ചരിത്ര ദര്‍ശനം , വൈരുദ്ധ്യാധിഷ്ഠിതവും ചരിത്ര പരവുമായ ഭൗതികവാദമാണു.മത ഗ്രന്ഥങളെ പറ്റി പറയുന്നപോലെ എല്ലാ കാലങളിലേയ്ക്കുമായി എഴുതപ്പെട്ട കുറെ സൂക്തങളുടെ സമാഹാരമല്ല മാര്‍ക്സിയന്‍ ദര്‍ശനം.നാളിതുവരെ ഒരു ബദലും മുന്നോട്ടു വയക്കപ്പെട്ടിട്ടില്ലാത്ത അത്, ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശരിയും ശാസ്ത്രീയവുമായ ഒരുപാധിയാണു. മതം ഉള്‍പ്പെടെയുള്ള സാമൂഹ്യ സ്ഥാപനങള്‍ സ്ഥലകാല ബദ്ധമായി എങിനെ രൂപം പൂണ്ടു വന്നു എന്നതിനെ സംബന്ധിച്ചും ദൈവ വിശ്വാസമുള്‍പ്പെടെയുള്ള കാര്യങള്‍ പ്രബഞ്ചവും മനുഷ്യനും തമ്മില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങളുടെയും സംഘര്‍ഷങളുടെയും ഇടയില്‍ മനുഷ്യമനസ്സിനു എങിനെ താങായി വര്‍ത്തിക്കുന്നു എന്നും, ഒപ്പം തന്നെ യാത്ഥാ ര്‍ത്ഥ്യങള്‍ക്കു പിന്നിലെ മൂര്‍ത്തമായ കാരണങള്‍ കണ്ടെത്തുന്നതില്‍ നിന്നും മത ദൈവ വിശ്വാസങള്‍ എങിനെ മനുഷ്യനെ (മയക്കിക്കിടത്തി) പിന്തിരിപ്പിക്കുന്നു എന്നും മാര്‍ക്സിസ്റ്റു ദര്‍ശനം പഠിപ്പിക്കുന്നു.മാര്‍ക്സിയന്‍ ചരിത്ര വീക്ഷണത്തിന്റെ ബാല പാഠങളെങ്കിലും പഠിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് മനുഷ്യന്‍ സൃഷ്ടിച്ച, പ്രബഞ്ച പ്രതിഭാസങളുമായി മുഖാമുഖം നില്‍ക്കേണ്ടി വരുന്ന സാമാന്യ മനുഷ്യന്റെ അതിജീവനത്തിനുള്ള ഒരു താങാണു.അതു കൊണ്ടു തന്നെ വിശ്വാസപരമായി ദൈവം എന്നത് മിത്ഥ്യയാണു എന്നു തിരിച്ചറിയുമ്പോഴും, വിശ്വാസത്തിന്റെ ചരിത്ര പരവും മനശ്ശാസ്ത്ര പരവുമായ കാരണങള്‍ തിരിച്ചറിയുന്നവര്‍ എന്ന നിലയില്‍ സാമാന്യ ജനങളുടെ ദൈവ വിശ്വാസത്തെ ബഹുമാനിക്കാനും വിശ്വാസത്തിനു കാരണമാവുന്ന ചരിത്ര യാഥാര്‍ത്ഥ്യങള്‍ നിന്‍ലനില്‍ക്കുന്നിടത്തോളം ദൈവ വിശ്വാസവും നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും ഒരു മാര്‍ക്സിസ്റ്റിനു കഴിയുന്നു.ഇവിടെയാണു അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തെപ്പോലുള്ള ഒട്ടനവധി "മാര്‍ക്സിസ്റ്റുകളും" എത്രത്തോളം മാര്‍ക്സിസ്റ്റുകളാണ്‍ എന്ന ചോദ്യം ഉയരുന്നത്.സി.പി.എമ്മിനകത്തെ അംഗത്വത്തിന്റെയും ഭരണ വര്‍ഗ്ഗ പാര്‍ട്ടി എന്ന നിലയില്‍ ലഭ്യമാകുന്ന പാര്‍ലമെന്ററി അധികാരത്തിന്റെ ഉന്നത സ്ഥാനമാനങള്‍ കയ്യാളുന്നതിന്റെയും ബലത്തില്‍ സ്വയം മാര്‍ക്സിസ്റ്റായി അവതരിപ്പിക്കുകയും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പ്രതിലോമ വ്യവസ്ഥയുടെ ജീര്‍ണ്ണതകളും മത ദൈവ വിശ്വാനങളുടെ മാര്‍ക്സിസ്റ്റു വിരുദ്ധ ആശയങള്‍ പു:നരുല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ കൈയ്യിലാണു ഇന്നു സി.പി.എം അകപ്പെട്ടിട്ടുള്ളത്.പാര്‍ട്ടി അംഗത്വത്തില്‍ എത്തുന്ന ഒരു കാഡറിനെ മാര്‍ക്സിസത്തിന്റെ ബാലപാഠമെങ്കിലും പഠിപ്പിക്കാനോ അതു വഴി മാര്‍ക്സിയന്‍ ചരിത്ര ബോധത്തിലേക്ക് ഉയര്‍ത്തിയെടുക്കാനോ ഉള്ള ശ്രമങളൊന്നും ഇന്നു സി.പി.എമ്മിനകത്ത് നടക്കുന്നില്ല.പകരം എങിനെ വാഴുന്നോരെ വാഴ്ത്താമെന്നും അതു വഴി ബൂര്‍ഷ്വാ ഭരണാധികാരത്തിന്റെ പങ്കു പരമാവധി പറ്റി ജീവിതത്തെ കൊഴുപ്പിക്കാമെന്നുമാണു പുതിയ കാഡര്‍മാര്‍ വര്‍ത്തമാന നേതൃത്വത്തെ നോക്കി പഠിക്കുന്നത്.ഒരു സാധാരണ പാര്‍ട്ടി അംഗത്തിനുണ്ടായിരിക്കേണ്ട മാര്‍ക്സിസ്റ്റ് ബോധം പോലും തനിക്കില്ലെന്നും, ഇ.പി.ജയരാജനും പരിപ്പു വടയും തമ്മിലുള്ള ബന്ധം മാത്രമേ മാര്‍ക്സിസവും താനും തമ്മിലുള്ളൂ എന്നും, താന്‍ ഒരു മാര്‍ക്സിസ്റ്റേ അല്ല എന്നും തന്റെ നടപടിയിലൂടെ അബ്ദുള്ളക്കുട്ടി തെളിയിച്ചിരിക്കുന്നു.ഒപ്പം കുറച്ചു നാളുകള്‍ക്കു മുമ്പ്, എന്ത് കാരണത്തിന്റെ പേരിലായാലും സി.പി.എം ജില്ലാ നേതൃത്വം കൈക്കൊണ്ട തരം താഴ്ത്തല്‍ നടപടിയെ ഈ 'മത പ്രകടനങള്‍' സാധൂകരിക്കുകയും ചെയ്തിരിക്കുന്നു.വെറുമൊരു എസ്.എഫ്.ഐ ക്കാരനില്‍ നിന്നും 'നാലാളറിയുന്ന' അല്‍ഭുതക്കുട്ടിയായി താന്‍ മാറിയതു സി.പി.എമ്മിന്റെ സംഘടിത ശേഷിയുടെ പിന്‍ബലം കൊണ്ടാണെന്ന കാര്യം പോലും പത്തു വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ അല്‍ഭുതക്കുട്ടി മറന്നു പോയെങ്കില്‍, എന്തു തരം വര്‍ഗ്ഗ ബോധമാണു, രാഷ്ട്രീയ ബോധമാണു സി.പി.എമ്മിലൂടെ ഒരാള്‍ക്കു ഈ കാലത്ത്‍ കൈവരുന്നത് എന്നു മനസ്സിലാക്കുന്നത് രസകരം തന്നെ!!!.മാര്‍ക്സിസത്തിന്റെ കുപ്പായത്തിനകത്ത് മറ്റെന്തൊക്കെയോ താല്പര്യങളുടെ ചെന്നായയാണു ആര്‍ത്തി പൂണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം സി.പി.എമ്മിനകത്തെ ഇനിയും അന്യം നിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകളെങ്കിലും എത്രയും വേഗം മനസ്സിലാക്കിയാല്‍ നന്ന്.‍